ബര്‍ലിന്‍: ജര്‍മ്മനിയില്‍ നിയമവിരുദ്ധമായി ആളുകളെ എത്തിക്കുന്ന സംഘത്തെ തകര്‍ക്കാന്‍ ഫെഡറല്‍ പോലീസ് നടത്തിയ വന്‍ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 'ഡബിള്‍ ഗ്യാങ്സ്ററര്‍ ട്രിക്ക്' (DoppelgaengerTrick) എന്ന ലളിതവും എന്നാല്‍ അതീവ തന്ത്രപരവുമായ രീതിയിലൂടെയാണ് സിറിയന്‍ വംശജരെ സംഘം രാജ്യത്തേക്ക് കടത്തിയിരുന്നത്.
എന്താണ് ഈ 'ഡ്യൂപ്ളിക്കേറ്റ്' വിദ്യ?
സാധാരണ വ്യാജ പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതിന് പകരം, യഥാര്‍ത്ഥ പാസ്പോര്‍ട്ടുകള്‍ തന്നെയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. കുടിയേറ്റക്കാരോട് സാമ്യമുള്ള, ജര്‍മ്മനിയില്‍ താമസിക്കാന്‍ നിയമപരമായ അനുമതിയുള്ള വ്യക്തികളുടെ പാസ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുന്നത്.
യഥാര്‍ത്ഥ രേഖകള്‍: പാസ്പോര്‍ട്ടും വിസയും നൂറ് ശതമാനം ഒറിജിനലായിരിക്കും.
സാമ്യമുള്ള മുഖങ്ങള്‍: പാസ്പോര്‍ട്ടിലെ ഫോട്ടോയുമായി സാമ്യമുള്ള ആളുകളെ സിറിയയില്‍ നിന്ന് കണ്ടെത്തി അവരെ ഈ രേഖകള്‍ ഉപയോഗിച്ച് വിമാനത്താവളങ്ങളിലൂടെയും അതിര്‍ത്തികളിലൂടെയും ജര്‍മ്മനിയില്‍ എത്തിക്കുന്നു.
തിരിച്ചറിയാന്‍ പ്രയാസം: മുഖസാമ്യം ഉള്ളതിനാല്‍ അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് വ്യാജമാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.
റെയ്ഡും നടപടിയും:
ചൊവ്വാഴ്ച ഉച്ചയ്ക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ ഫെഡറല്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. നിരവധി സിറിയന്‍ പൗരന്മാരെ ഇത്തരത്തില്‍ രാജ്യത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തി.
മള്‍ട്ടിപ്പിള്‍ എന്‍ട്രി: ഒരേ പാസ്പോര്‍ട്ട് ഉപയോഗിച്ച് തന്നെ ഒന്നിലധികം ആളുകളെ പലപ്പോഴായി കടത്തിയതായും സംശയമുണ്ട്.
മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന കണ്ണികളെ പോലീസ് കസ്ററഡിയിലെടുത്തു.
റെയ്ഡില്‍ നിരവധി ഒറിജിനല്‍ പാസ്പോര്‍ട്ടുകളും ഫോണുകളും പണവും കണ്ടെടുത്തു.
യൂറോപ്പിലെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ടുള്ള ഈ തട്ടിപ്പ് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജര്‍മ്മനിയിലെ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും പരിശോധനകള്‍ ഇനിമുതല്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഈ സംഭവം കാരണമാകും. മാത്രമല്ല അടുത്ത കാലത്തായി ജര്‍മനിയിലെത്തിയ മിക്കവരുടെയും പാസ്പോര്‍ട്ടുകള്‍ ചെക്ക്ചെയ്യാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ക്രിമിനല്‍ പൊലീസ്.

Comments: